മുസ്ഹഫുകൾ ആദരവോടുകൂടി സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മ
പഴകിയതോ കേടുവന്നതോ ഉപയോഗിക്കാതെ കിടക്കുന്നതോ ആയ മുസ്ഹഫുകൾ അശ്രദ്ധയാൽ മാലിന്യത്തിന്റെ ഭാഗമാകാതെ സുരക്ഷിതമായി ശേഖരിച്ച്, പരിശോധിച്ച്, സാധ്യമായത്ര സംരക്ഷിച്ച്, തീരെ ഉപയോഗപ്രദമല്ലാത്തത് ശരീഅഃ അനുസരിച്ച് സംസ്കരിക്കുകയും ചെയ്യുന്ന മുസ്ലിം ഉമ്മത്തിൻ്റെ ഒരു കൂട്ടായ്മയാണ് ഖുർആൻ സംരക്ഷണ ശൃംഖല — QP Network.
പുതിയ മുസ്ഹഫുകൾ ലഭിക്കാൻ നിരവധി സംവിധാനങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം ഉപയോഗ യോഗ്യമല്ലാത്ത മുസ്ഹഫുകൾ ആദരവോടെ ഏറ്റെടുക്കാൻ QPN സംവിധാനം ഒരുക്കുന്നു.
നമ്മുടെ വീടുകൾ, മസ്ജിദുകൾ, മദ്റസകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കാലപ്പഴക്കം മൂലം കീറിയതും വെള്ളപ്പൊക്കം മൂലം കേടുവന്നതും തികച്ചും ഉപയോഗിക്കാൻ പറ്റാത്തതുമായ മുസ്ഹഫുകൾ & കിതാബുകൾ ശേഖരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അങ്ങനെയുള്ളത് എവിടെ ഏൽപ്പിക്കണം, എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനായി ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തത് ആയിരുന്നു പ്രധാന പ്രശ്‍നം.
ഇതിന്റെ ഫലമായി കാലങ്ങളായി മുസ്ഹഫുകൾ പഴയ പുസ്തകങ്ങൾ, കടലാസ് മാലിന്യം, മറ്റ് മാലിന്യങ്ങൾ എന്നിവയുമായി അറിഞ്ഞോ അറിയാതെയോ കലരാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പലപ്പോഴും ഇത് മനഃപൂർവമായ അനാദരവല്ല; അറിവില്ലായ്മയും സൗകര്യക്കുറവും സ്ഥിരമായ ശേഖരണ സംവിധാനം ഇല്ലാത്തതുമായിരുന്നു പ്രധാന കാരണം.
ആദ്യം പരമാവധി സംരക്ഷണം - തീരെ ഉപയോഗിക്കാൻ പറ്റില്ലെങ്കിൽ സംസ്കരണം
QP Network ലേക്ക് എത്തുന്ന ഓരോ മുസ്ഹഫിനെയും ആദ്യം ഉപയോഗയോഗ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ലക്ഷ്യം. ഉപയോഗിക്കാൻ കഴിയുന്നവ ഉപയോഗത്തിൽ തുടരും. ചെറിയ അറ്റകുറ്റപ്പണി കൊണ്ട് വീണ്ടെടുക്കാവുന്നവ പുനഃസ്ഥാപിക്കും.
ചെറിയ അറ്റകുറ്റപ്പണി കൊണ്ട് വീണ്ടെടുക്കാവുന്നവ ആവശ്യമായ വ്യക്തികൾക്കും മദ്റസകൾക്കും സ്ഥാപനങ്ങൾക്കും വീണ്ടും നൽകാനുള്ള പുനർ വിതരണം ചെയ്യും
പുനരുപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയവ മാത്രമേ അംഗീകൃത പരിശോധനയ്ക്ക് ശേഷം ശരീഅത്ത് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള അന്തിമ കൈകാര്യം ചെയ്യലിലേക്ക് മാറ്റുകയുള്ളു.
ശേഖരണം മുതൽ അന്തിമ കൈകാര്യം വരെ നിങ്ങൾക്ക് QPN സംവിധാനത്തിലൂടെ നടപ്പാക്കാം.
ശേഖരണം: അംഗീകൃത ശേഖരണ കേന്ദ്രങ്ങൾ, സന്നദ്ധ സേവകർ, ശേഖരണ വാഹനങ്ങൾ വഴി ലഭ്യമായ പ്രദേശങ്ങളിലെ ശേഖരണ കേന്ദ്രങ്ങളിൽ / വീടുകളിൽ എത്തി മുസ്ഹഫുകൾ സ്വീകരിക്കുന്നു.
പരിശോധനയും തരംതിരിക്കലും: ഓരോ മുസ്ഹഫിന്റെയും നിലവാരം പരിശോധിച്ച് ഉപയോഗ യോഗ്യം, അറ്റകുറ്റപ്പണി ചെയ്യാവുന്നത്, പുനർവിതരണത്തിന് അനുയോജ്യം, ഭാവിയിൽ ഉപയോഗിക്കാൻ പറ്റാത്തത് എന്നിങ്ങനെ തരംതിരിക്കുന്നു.
അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും: പുറംചട്ട, ബൈൻഡിംഗ്, പേജുകളുടെ ചെറിയ കേടുപാടുകൾ അറ്റകുകുറ്റപ്പണികൾ ചെയ്ത് സംരക്ഷിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കുന്നു.
പുനർവിതരണം: നല്ലനിലയിൽ എത്തിയ മുസ്ഹഫുകൾ ആവശ്യമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എത്തിക്കുന്നു.
അന്തിമ കൈകാര്യം: പൂർണമായും ഉപയോഗശൂന്യമെന്ന് ബോധ്യമായവ ശരീഅഃ സംസ്കരണ മാർഗരേഖ അനുസരിച്ച് ആദരപൂർവ്വം കൈകാര്യം ചെയ്യുന്നു.
ഖുർആൻ സംരക്ഷണം ഓരോ മുസ്ലിമിൻ്റെയും വിശ്വാസപരമായ ഉത്തരവാദിത്വം.
QP Network എന്നത് ഒരു വിപുലമായ ഖുർആൻ സംരക്ഷണ പദ്ധതിയാണ്. മുസ്ഹഫുകൾ, ഖുർആൻ ആയത്തുകൾ ഉൾപ്പെടുന്ന കിതാബുകൾ, ഹദീസുകൾ, ബഹുമാനിക്കപ്പെടേണ്ട നാമങ്ങൾ എല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇത് സാധ്യമാക്കാൻ കുടുംബങ്ങൾ, മസ്ജിദുകൾ, മദ്റസകൾ, ഇസ്‌ലാമിക സ്ഥാപനങ്ങൾ, പണ്ഡിതർ, സന്നദ്ധ പ്രവർത്തകർ, സാമൂഹിക സംഘടനകൾ, പിന്തുണക്കുന്നവർ എന്നിവരെ ബന്ധിപ്പിക്കുന്ന കൂട്ടായ ശൃംഖലയാണ്.
ഓരോ പ്രദേശത്തും ആളുകൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന ശേഖരണ കേന്ദ്രങ്ങൾ, പ്രാദേശിക സന്നദ്ധ പ്രവർത്തകർ, ജില്ലാതല ഏകോപനം എന്നിവയിലൂടെ മുസ്ഹഫുകൾ സംരക്ഷിക്കപ്പെടുകയും മാലിന്യങ്ങളിലേക്ക് എത്തിപ്പെടാതെ സുരക്ഷിതമായി സംരക്ഷിക്കാൻ കഴിയുക.
ഖുർആനുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ വ്യക്തിപരമായ അഭിപ്രായമല്ല, അംഗീകൃത ശരീഅഃ മാർഗ്ഗനിർദ്ദേശങ്ങൾ QP Network പിന്തുടരുന്നത്.
മുസ്ഹഫുകളുടെ പരിശോധന, തരംതിരിക്കൽ, പുനഃസ്ഥാപനം, പുനർവിതരണം, ഉപയോഗയോഗ്യമല്ലാത്തവയുടെ അന്തിമ കൈകാര്യം എന്നിവയിൽ കൃത്യമായ ശരീഅഃ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുകയാണ് QP നെറ്റ്‌വർക്കി ൻ്റെ അടിസ്ഥാന നയം.
കൃത്യമായ പ്രവർത്തന മാർഗരേഖ, പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ, അംഗീകൃത കൈകാര്യ നടപടിക്രമങ്ങൾ, കാലാനുസൃത പരിശോധന എന്നിവയിലൂടെ പ്രവർത്തനത്തിൻ്റെ വിശ്വാസ്യതയും ആദരവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ശേഖരിക്കുന്ന മുസ്ഹഫുകളും അതിൻ്റെ സംസ്കരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നു.
മുസ്ഹഫുകളുടെ ശേഖരണം, അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും, പുനർവിതരണം, ഉപയോഗപ്രദമല്ലാത്ത തരംതിരിച്ച ഭാഗങ്ങളും, ശേഖരണ ശൃംഖല, പ്രവർത്തന രീതികൾ എന്നിവയിൽ ക്രമബദ്ധമായ രേഖപ്പെടുത്തലും ഉറപ്പാക്കുന്നു.
പ്രവർത്തന മേഖലകളുടെ വിപുലീകരണവും, പ്രാദേശികാടിസ്ഥാനത്തിൽ എല്ലാ ഇടങ്ങളിലും QPN സർവീസുകൾ എത്തിക്കുന്നതിനും, സമയബന്ധിതമായി പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുന്നതുമാണ്.
“ശേഖരണത്തിൽ നിന്ന് സംരക്ഷണത്തിലേക്ക് — ഓരോ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഏകോപിത ശൃംഖല.”
ഘട്ടംഘട്ടമായി ശേഖരണ കേന്ദ്രങ്ങൾ, വീട്ടിലെത്തി ശേഖരിക്കുന്ന സംവിധാനം, സന്നദ്ധ പ്രവർത്തക ശൃംഖല, ജില്ലാതല ഏകോപനം, അറ്റകുറ്റപ്പണിയും പുനഃസ്ഥാപന സഹായവും, പുനർവിതരണം, ഡിജിറ്റൽ ട്രാക്കിംഗ്, സുതാര്യതാ റിപ്പോർട്ടിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഏകോപിത ഖുർആൻ സംരക്ഷണ സംവിധാനമാണ് QPN ലൂടെ നടപ്പാക്കുന്നത്.
കേരളത്തിൽ രൂപപ്പെടുന്ന ഈ പ്രവർത്തന മാതൃക പിന്നീട് ആവശ്യാനുസരണം മറ്റു സംസ്ഥാനങ്ങളിലേക്ക് വികസിക്കുന്നതാണ്.
ഒരു മുസ്ഹഫ് പോലും നമ്മുടെയോ മറ്റുള്ളവരുടെയോ അശ്രദ്ധ കൊണ്ട് മാലിന്യത്തിൻ്റെ ഭാഗമാകാതിരിക്കാനുള്ള ഖുർആൻ സംരക്ഷണ ശൃംഖലയുടെ (QPN) ഭാഗമാകൂ.
നിങ്ങളുടെ വീട്ടിലോ മസ്ജിദിലോ മദ്റസയിലോ സ്ഥാപനത്തിലോ ഉപയോഗിക്കാതെ കിടക്കുന്ന, പഴകി കേടുവന്ന മുസ്ഹഫുകൾ ഉണ്ടെങ്കിൽ QP Network ൻ്റെ അംഗീകൃത ശേഖരണ സംവിധാനത്തിലേക്ക് കൈമാറുക.